Thursday, June 9, 2011

ഓര്‍മ്മകളില്‍ ഒരു ബാല്യം


ഓര്‍മ്മകളില്‍ ഒരു ബാല്യം - 1

ആരാണ് ആ സംഭാഷണം തുടങ്ങി വച്ചെതെന്നോ , എന്തിനെ കുറിച്ചാണ് തുടങ്ങിയെതെന്നോ ഓര്‍മ്മയില്ല . പക്ഷെ അതവസനിച്ചത് പഴയ കാലത്തെ കുറിച്ചുള്ള മനസിന്റെ പ്രയാണത്തിലാണ്.ഉണുകഴിച്ചതിനു ശേഷം ചെയ്ത ജോലികളില്‍ ഒന്നും മനസ്സ് ഉറച്ചു നിന്നില്ല. ഇന്നലെകളെ കുറിച്ച് മാത്രമായിരുന്നു ചിന്ത.

പ്രവീണ്‍, എന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞ സ്കൂള്‍ കാലം എന്റെ തലമുറയുടെ പൊതുവായ ഒന്നായിരുന്നു. ഗവണ്മെന്റ് സ്കൂളിന്റെ പൊളിഞ്ഞ തറകളും മതില്ക്കെട്ടുകളുടെ അഭാവവും ഓല മേഞ്ഞ കെട്ടിടങ്ങളും ഉച്ച കഞ്ഞിയുടെ സ്വാദും , അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങള്‍. എല്ലാം ഈ താളുകളില്‍ ഊര്മിക്കുവാന്‍ തോന്നുന്നു.
എന്തുകൊണ്ടും മനസ്സില്‍ ആദ്യം തെളിയുന്നത് വീടും ചുറ്റി നിന്ന നെല്‍പാടവും തൊടിയും പിന്നെ ഓര്‍മകള്‍ ഓളം വെട്ടുന്ന ആ ചെറിയ പുഴയും. പറയാനേറെയുണ്ട് , ആദ്യം എന്നെകുറിച്ച് , എന്നോടൊപ്പം ഉള്ളവരെകുറിച്ച് , എന്നെ വിട്ടകന്നു പോയവരെകുറിചോക്കെ പറയാമല്ലേ

മലനാടിന്റെ അരികത്തു പട്ടയം പതിച്ചു കിട്ടിയ ഭൂമിയുടെ ഉടമസ്തരായിരുന്നു എന്റെ പൂര്‍വികര്‍. മണ്ണിനോട് മല്ലടിച്ച് നേടിയ കുറച്ചു കൃഷി സ്ഥലവും, ആടും പശുവും ഒക്കെയായി സാമാന്യം ഭേദപ്പെട്ട ഒരു കര്‍ഷക കുടുംബം.

പുറമേ സ്വഭാവത്തില്‍ കാര്‍ക്കശ്യം എങ്കിലും നിറയെ സ്നേഹം തന്ന വല്യമ്മച്ചിയെ ആണ് നിങ്ങള്‍ ആദ്യം അറിയേണ്ടത്. എനിക്കോര്‍മ്മയുള്ള നാള്‍ മുതല്‍ കാണുന്ന വെള്ളി നാരിഴകള്‍ പോലുള്ള മുടിയും പല്ലില്ലാത്ത മോണയും ഉള്ള ഐശ്വര്യം നിറഞ്ഞ വല്യമ്മച്ചി. എവിടെ പോകുമ്പോഴും ചെറുതായി നുറുക്കിയ പുകയില കഷണങ്ങള്‍ കൂട്ടിവെച്ച ഒരു പ്ലാസ്റ്റിക്‌ കൂട് മുണ്ടിന്റെ മടിക്കുത്തില്‍ കരുതും. കാലങ്ങളായുള്ള ശീലമായിരുന്നു അത്.കേട്ടറിവുകളില്‍ എന്റെ ബാല്യത്തിന്റെ ഏറിയ പങ്കും വല്യമ്മച്ചിയുടെ കഷ്ടത ആയിരുന്നു. എന്നുവെച്ചാല്‍ എന്നെ വളര്‍ത്തിയത്‌ വല്യമ്മച്ചി ആയിരുന്നു.അതുകൊണ്ട് തന്നെ പുറമേ ദേഷ്യം ഭാവിക്കുമെങ്കിലും ആ സ്നേഹത്തിന്റെ ചൂട് ഞാനും കൊച്ചേട്ടനും ഒത്തിരി അറിഞ്ഞിട്ടുണ്ട്.

പട്ടയം കിട്ടി കോളനിയില്‍ താമസമാക്കിയ പഴയ കാല കഥകളും പുരാണ കഥകളും നാമജപവും ഒക്കെയായി തികച്ചും നാടന്‍ സന്ധ്യകളും രാത്രികളും ആയിരുന്നു ഞങ്ങളുടേത്. പകലുകളെ കുറിച്ച് , ഞങ്ങളുടെ ബാല്യത്തിന്റെ കുരുത്തക്കേടുകളെ കുറിച്ച് ഞാന്‍ വിശദമായി പറയാട്ടോ..അതിനു മുന്‍പ് ബാക്കിയുള്ളവരെക്കൂടി പരിചയപെടാം..